ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രവും പ്രാചീനമായ ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര. ഐതിഹ്യപരമ്പരകള്‍ക്കു നിദാനമായ പനയന്നാര്‍കാവു ദേവീക്ഷേത്രത്തിലെ മനോഹരങ്ങളായ ചുവര്‍ച്ചിത്രങ്ങളും കല്ലിലും മരത്തിലും തീര്‍ത്ത അതുല്യങ്ങളായ കൈവേലകള്‍ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. ഉണ്ണുനീലി സന്ദേശത്തില്‍ തൃക്കുരട്ടി കഴിഞ്ഞ് പനയന്നാര്‍ കാവ്യ മംഗല്യ മൂര്‍ത്തിയെ വണങ്ങി പാലവും പിന്നിട്ട് കടപ്ര ഭഗവതീ ക്ഷേത്രത്തിലും തൊഴുത് ആലംതുരുത്തി വഴി മണമലയാറും കടന്ന് വടക്കോട്ട് പോകാന്‍ നിയോഗിക്കുന്നതായ പരാമര്‍ശമുണ്ട്. എ.ഡി.ആദ്യശതകത്തില്‍ മാര്‍ത്തോമ്മാശ്ളീഹാ (ക്രിസ്തുവിന്റെ ശിഷ്യന്‍) കടപ്ര വളഞ്ഞവട്ടം പടിഞ്ഞാറുള്ള കടവില്‍ (തോമ്മാത്തുകടവില്‍ - തോമ്മ എത്തിയ കടവ്) പായ്ക്കപ്പലില്‍ വന്നടുക്കുകയും നിരണത്ത് പള്ളി സ്ഥാപിക്കുകയും ചെയ്ത പള്ളിയാണ് നിരണം വലിയപളളി. വിസ്തൃതമായ ആ പള്ളി സ്ഥിതിചെയ്യുന്നത് കടപ്ര പഞ്ചായത്തിലാണ്. അച്ചന്‍കോവില്‍, പമ്പാ, മണിമല, മീനച്ചില്‍ എന്നീ ആറുകള്‍ വര്‍ഷകാലത്തെ ശക്തമായ മലവെള്ളപ്പാച്ചിലില്‍ മണല്‍, എക്കല്‍ തുടങ്ങിയവ വഹിച്ചു കൊണ്ടുവന്ന് നിക്ഷേപിച്ചുയര്‍ത്തിയ കുട്ടനാടിന്റെ ഭൂപ്രദേശം ആരംഭിക്കുന്നത് ഈ ഗ്രാമത്തില്‍നിന്നാണ്. വടക്കുംഭാഗത്ത് മുസ്ലീംദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം മാലിക്ദിനാര്‍ പായ്ക്കപ്പലില്‍ വന്നിറങ്ങിയ സ്ഥലമാണെന്ന വിശ്വാസം നിലവിലുണ്ട്. പനയന്നാര്‍കാവും കടപ്രദേവീക്ഷേത്രവും ആലംതുരുത്തിക്ഷേത്രവും നിരണം വലിയപള്ളിയും കൂടാതെ പുരാതനദേവാലയങ്ങള്‍ വേറേയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാര്‍വത്രികമായ ഭക്തിയും ആരാധനയും സമാര്‍ജ്ജിച്ച മാര്‍ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി)യുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരിപ്പള്ളി ഒരു പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ്. ക്നാനായ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ടുപഴക്കമുള്ള തേവര്‍കുഴിപളളിയും, ലത്തീന്‍ കത്തോലിക്കാദേവാലയമായ സെന്റ്ഫ്രാന്‍സിസ് പള്ളിയും ഈ പഞ്ചായത്തിലുണ്ട്. തിരു ആലുംതുരുത്തിക്ഷേത്രം, കടപ്ര തുലിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര മാന്നാര്‍ മഹാലക്ഷ്മിക്ഷേത്രം, ഒളദ്യേത്തു ക്ഷേത്രം, പരുമല ആലുംമൂട്ടില്‍ ക്ഷേത്രം, പരുമല തിരുവാര്‍മംഗലം ക്ഷേത്രം, കുരുമ്പേശ്വരം ക്ഷേത്രം എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട്. മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങള്‍ ഇപ്പോഴുമുണ്ട്. മുന്‍കാലങ്ങളില്‍ ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാര്‍കാവിലും, പരുമല ആലുംമൂട്ടിലും പടയണികള്‍ നടന്നിരുന്നു. പനയന്നാര്‍കാവില്‍ കെട്ടുകാളകളുടെ വരവും കുത്തിയോട്ടവും മേടമാസത്തിലെ വിഷു ഉത്സവത്തിന്റെ സവിശേഷതകളായിരുന്നു. റോമന്‍കത്തോലിക്കാ മതവിശ്വാസികളുടെ മൂന്നു പള്ളികള്‍ പണിക്കന്‍മാടത്ത്, ആലംതുരുത്തി, വട്ടംവാക്കല്‍ എന്നീ സ്ഥലങ്ങളിലുണ്ട്. പുളിക്കീഴ് പള്ളി, വലിയപറമ്പില്‍ പള്ളി, പണിക്കംമാടത്തുപള്ളി, ദേവികുന്നത്തുപള്ളി, പരുമല കിഴക്ക് സെന്റ്തോമസ് പള്ളി, സെന്റ് ജോര്‍ജ് പള്ളി, വടക്കു സെന്റ് മേരീസ് പള്ളി എന്നിവയാണ് മറ്റ് പ്രധാന ക്രിസ്തീയദേവാലയങ്ങള്‍. സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ്. ആലംതുരുത്തിയില്‍ മുത്താരമ്മന്‍ ക്ഷേത്രം ഉണ്ട്. പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് സ്വന്തമായി ഏഴു സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ മൂന്നു ക്ഷേത്രങ്ങളും വിശ്വകര്‍മ്മരുടെ മൂന്ന് ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. എല്ലാ മതങ്ങളുടെയും, ഓരോ മതത്തിലേയും പ്രത്യേകവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്തടുത്ത് തൊട്ടുരുമ്മി നിലകൊള്ളുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് സ്ക്കൂളുകള്‍ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് മണിപ്പുഴ ആശാന്മാര്‍ ആയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി മണിപ്പുഴ വടക്കേപുരയിടത്തില്‍ രണ്ടാം ക്ളാസ് വരെയുള്ള വിദ്യാലയം സ്ഥപിതമായിരുന്നു. പരുമല സെമിനാരി പ്രൈമറി സ്ക്കൂള്‍ ആദ്യകാലസ്ക്കൂളുകളില്‍ ഉള്‍പ്പെടുന്നു. അറയ്ക്കല്‍ നിന്നും ദാനമായി നല്‍കിയ ഭൂമിയില്‍, നാട്ടുകാര്‍ ഉത്സാഹിച്ച് സര്‍ക്കാര്‍ വകയായി സ്ഥാപിച്ച പെണ്‍കുട്ടികള്‍ക്കായുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു.പി.ജി.സ്ക്കൂള്‍. കഴിഞ്ഞ നൂറ്റാണ്ടാരംഭത്തില്‍ ആലംതുരുത്തിയില്‍ ഒരു മലയാളം മിഡില്‍ സ്ക്കൂളും പരുമലയില്‍ ഒരു സര്‍ക്കാര്‍ പ്രൈമറി സ്ക്കുളും, നിരണം പള്ളിക്കു ചേര്‍ന്ന് ഒരു പ്രൈമറി സ്ക്കൂളും ഉണ്ടായിരുന്നു. നിരണത്തെ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍, സ്വകാര്യവ്യക്തിയുടെ വക മലയാളം മിഡില്‍ സ്ക്കൂള്‍, തേവര്‍കുഴി പ്രൈമറി സ്ക്കൂള്‍, മോഴശ്ശേരി പ്രൈമറി സ്ക്കൂള്‍, വളഞ്ഞവട്ടം കേശവവിലാസം സ്ക്കൂള്‍, സെന്റ് ഫ്രാന്‍സിസ് പ്രൈമറിസ്ക്കൂള്‍, കടപ്ര മാന്നാര്‍ എം.എസ്സ്.എം.യു.പി.സ്ക്കൂള്‍ എന്നിവ തുടര്‍ന്ന് നിലവില്‍ വന്നു. കേരളപ്പിറവിക്കുശേഷം ആലുംതുരുത്തി സ്ക്കൂള്‍ ഹൈസ്ക്കൂളായി. പിന്നീട് ഇത് കണ്ണശ്ശ സ്മാരക ഹൈസ്ക്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1967-ല്‍ പരുമല യു.പി.സ്ക്കൂള്‍ നാട്ടുകാര്‍ വിലയ്ക്കുവാങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ ഏല്‍പിച്ചു. ഈ സ്ക്കൂള്‍ പിന്നീട് ഹൈസ്ക്കൂളായി. കേശവവിലാസം സ്ക്കൂള്‍ യു.പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. കാല്‍നൂറ്റാണ്ടു മുമ്പ് ജനങ്ങളുടെ സംഘടിതമായ ശ്രമഫലമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാനേജ്മെന്റിന്റെ 1968-ല്‍ ജൂനിയര്‍ കോളേജായി ആരംഭിച്ച പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജ് ഇപ്പോള്‍ ബിരുദാനന്തര കോഴ്സുകളുള്ള ഒന്നാം ഗ്രേഡ് കോളേജായി ഉയര്‍ന്നിട്ടുണ്ട്. അരനൂറ്റാണ്ടു പഴക്കമുള്ള പരുമല ടാഗോര്‍ വായനശാല, ആലുംതുരുത്തി മഹാത്മ വായനശാല, കടപ്ര കൈരളി വായനശാല എന്നീ വായനശാലകള്‍ കേരളഗ്രന്ഥശാലസംഘത്തിന്റെ രജിസ്ട്രേഷനോടു കൂടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മഹാത്മജി വായനശാല പില്‍ക്കാലത്ത് പഞ്ചായത്തുവക വായനശാലയായി മാറി. മുന്‍കാലത്ത് ദ്വീപുകള്‍ തമ്മില്‍ ബന്ധപ്പെടുവാന്‍ കഴിയാതെ ഒറ്റപ്പെട്ടുകിടന്നിരുന്നു. കേരളപിറവിക്കുശേഷം വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പില്‍ക്കാലത്ത് പരുമല പാലവും ഇല്ലിമലപ്പാലവും തേവേരിപ്പാലവും ഉണ്ടായതുമുതല്‍ പഞ്ചായത്തിന് എല്ലാ ദിക്കുകളുമായി ബന്ധപ്പെടത്തക്കവിധത്തില്‍ സൌകര്യങ്ങളുണ്ടായി. തെങ്ങും നെല്ലും കൃഷിയോടൊപ്പം വ്യവസായ വിളയായ കരിമ്പും നാട്ടില്‍ കൃഷി ചെയ്തുവരുന്നു. വ്യാപകമായ കരിമ്പുകൃഷിയുടേയും ശര്‍ക്കരയുല്‍പ്പാദനത്തിന്റേയും നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്ത് ആദ്യത്തെ പഞ്ചസാര ഫാക്ടറി 1945-ല്‍ ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍തന്നെ പരുമല കാളച്ചന്ത പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. ആലുംതുരുത്തി ചിത്തിരപുരം മാര്‍ക്കറ്റായിരുന്നു പഞ്ചായത്തിലുള്ള മറ്റൊരു പ്രധാന വിപണനകേന്ദ്രം. കഴിഞ്ഞ നൂറ്റാണ്ടുവരേയും പഞ്ചായത്തില്‍ ആയൂര്‍വേദചികിത്സ മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനുണ്ടായിരുന്നത്. മറ്റു രോഗങ്ങളുടെ ചികില്‍സയ്ക്കുള്ളതുപോലെതന്നെ വിഷചികിത്സയ്ക്കും കണ്ണുചികിത്സയ്ക്കും പ്രഗത്ഭരായ വൈദ്യന്മാരുണ്ടായിരുന്നു. ഇപ്പോള്‍ കണ്ണുരോഗത്തിന് ഒരു ആയുര്‍വേദചികിത്സാലയം കോയിക്കല്‍ തുണ്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അലോപ്പതിചികിത്സാരംഗത്ത് അറയ്ക്കല്‍ വേലുപിളള ഡോക്ടറും പള്ളിക്കടവില്‍ നൈനാന്‍ ഡോക്ടറും ചെറിയ തോതില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് നെടുമ്പെള്ളില്‍, ഡോക്ടര്‍ ശങ്കരനാരായണപിള്ള സ്ഥാപിച്ച എസ്സ്.എന്‍.നഴ്സിങ്ങ് ഹോമാണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യചികിത്സാകേന്ദ്രമായി മാറിയത്. കേരളപ്പിറവി വര്‍ഷത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി പരുമലയില്‍ സ്ഥാപിച്ചു. വളഞ്ഞവട്ടത്ത് പമ്പാ റിവര്‍ ഫാക്ടറി വക കെട്ടിടത്തില്‍ ഇപ്പോള്‍ ഒരു ഹോമിയോ ഡിസ്പന്‍സറി പ്രവര്‍ത്തിച്ചുവരുന്നു. വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനു സമീപം പ്രൈമറി ഹെല്‍ത്തു സെന്ററിന്റെ ഒരു സബ് ആഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. 1956 മുതല്‍ സര്‍ക്കാര്‍ മിഡ്വൈഫ് സെന്റര്‍ പരുമലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പരുമല സെമിനാരി വകയായി ആധുനികസൌകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. 1957-ല്‍ ഉണ്ടായ കാര്‍ഷിക തൊഴിലാളി മിനിമം വേജസ് നിയമം ആ വിഭാഗം ജനങ്ങള്‍ക്ക് അവകാശസംരക്ഷണത്തിന് വഴിയൊരുക്കി.