ബഡ്ജറ്റ് റിപ്പോർട്ട്
കടപ്ര ഗ്രാമപഞ്ചായത്തിന്‍റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ അവസാന പാദത്തിലേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളാണ് ഈ ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. പഞ്ചായത്തിന്‍റെ അനിവാര്യവും പൊതുവായതുമായ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റുന്നതിന് ഉതകുന്ന ബജറ്റ് രൂപീകരണത്തിനായി പ്രാമുഖ്യം നല്‍കിയിട്ടുള്ളത് സംസ്ഥാന ബജറ്റ് വിഹിതവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്‍റും സര്‍ക്കാർ നിബന്ധനകള്‍ക്ക് ഉള്ളിൽ നിന്ന് തന്നെ ചെലവഴിക്കേണ്ടതുണ്ട് എന്നിരിക്കലും ഇവയുടെ മുക്തവും ഫലപ്രദവുമായ വിനയോഗത്തിന് വഴിയൊരുക്കുന്നതിനുള്ള മാര്‍ഗനിര്ദ്ദേങ്ങളുടെ പൂര്‍ത്തീകരണമായി ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നു.
ഈ ഭരണ സമിതിയുടെ ആദ്യത്തെ ബജറ്റ് അവതരണത്തിൽ തന്നെ പഞ്ചായത്തിന്റെയും ജനങ്ങളുടെയും വികസനം ലക്ഷ്യം വച്ചുകൊണ്ട് ഈ 5 വർഷവും മുന്നോട്ടു പോകുക എന്നുള്ളതാണ്. ഒരു പഞ്ചായത്തിന്റെ ബജറ്റ് എന്നത് വെറും വരവ്–ചെലവ് കണക്കുകളല്ല; അത് നമ്മുടെ ഗ്രാമത്തിന്റെ വികസന ദിശയും സാമൂഹിക പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ഒരു ദർശനരേഖയാണ്.ജനകീയാസൂത്രണത്തിന്റെ ആത്മാവായ പങ്കാളിത്ത വികസനം ഉറപ്പാക്കാൻ വാർഡ് സഭകളുടെ നിർദേശങ്ങൾ മുൻഗണനയിൽ ഉൾപ്പെടുത്തി. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്ന രീതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
നമ്മുടെ പഞ്ചായത്തിന്റെ സാമ്പത്തിക ശാസ്ത്രീയത ഉറപ്പാക്കിക്കൊണ്ട്, വരുമാന വർധനവിനുള്ള പുതിയ മാർഗങ്ങൾ അന്വേഷിക്കുകയും നികുതി ശേഖരണത്തിൽ കാര്യക്ഷമത കൈവരിക്കുകയും ചെയ്യുന്നത് ഭരണസമിതിയുടെ പ്രതിബദ്ധതയാണ്
തനത് ഫണ്ട് വരുമാനംസാധ്യമായ വഴികളിലൂടെ വർദ്ധിപ്പിച്ച് കൂടുല് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്നത് ഈ ബഡ്ജറ്റ് മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്. കെട്ടിട നികുതിയിലും ലൈസന്സ് ഫീസ് ഇനത്തിലും പ്രെഫഷന്‍ ടാക്സ് ഇനത്തിലും വാടക ലേലം എന്നിവയിലും നൂറ് ശതമാനം കളക്ഷന്‍ നേടുന്നതിനുളള നടപടിക്രമങ്ങള്‍ ഈ ബഡ്ജറ്റ് നിർകർഷിക്കുന്നു.
ഐ എസ് ഒ അംഗീകാരം ലഭിച്ച ഓഫീസ് സംവിധാനവും കർമ്മനിരതമായ ജനപ്രതിനിധികളുടെയും സ്ഥിരോത്സാഹികളായ ജീവനക്കാരുടെയും ചിട്ടയായ പ്രവർത്തനങ്ങളും സാമ്പത്തിക അച്ചടക്കവും കൊണ്ട് പുരോഗതിയുടെ പാതകൾ താണ്ടികൊണ്ടിരിക്കുന്ന കടപ്ര ഗ്രാമപഞ്ചായത്തിന്‍റെ ഭാവി ഭാസുരമാക്കുന്നതിന് ഈ ബഡ്ജറ്റ് ഒരു നിദാനമാവട്ടെ